Monday, 12 July 2010

ആവേ മരിയ - പുതിയ അനുഭവതലങ്ങള്‍


ഇത്തവണത്തെ അക്കാദമി അവാര്‍ഡ്‌ കിട്ടിയ കെ ആര്‍ മീരയുടെ ' ആവേ മരിയ ' വായിക്കാനിടയായി . ഒമ്പത് കഥകളും വ്യത്യസ്തമായ നിലവാരം പുലര്‍ത്തുന്നു . അതിലെ ആവേ മരിയ എന്ന കഥയും സോളോ ഗോയ്യ എന്ന കഥയും ഉല്‍കൃഷ്ടമായ നിലവാരം പുലര്‍ത്തുന്നു  എന്നു പറയാതെ വയ്യവാണിഭം,കേശവപിള്ള മകന്‍ ,സ്വവര്‍ഗ സങ്കടങ്ങള്‍ എന്നീ കഥകള്‍ ശരാശരിയിലും ഉയര്‍ന്നു നില്‍ക്കുന്നുകത്തനാരും സന്ദേഹവും ആട്ടുകട്ടിലും ശരാശരി നിലവാരം പുലര്‍ത്തുന്നു . പക്ഷെ ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ ഒരു പൈങ്കിളി കഥയില്‍ നിന്നും മികച്ചതാണെന്ന് തോന്നുന്നില്ല .
            സക്കറിയയുടെ അവതാരിക വായിച്ചതിനു ശേഷം ആദ്യ കഥ വായിച്ചപ്പോള്‍ പുത്തരിയില്‍ കല്ല് കടിച്ച പോലെ തോന്നി .ലൈംഗികത പക്വതയോടെ പുത്തന്‍ വീക്ഷണത്തില്‍  അവതരിപ്പിക്കപ്പെട്ടു എന്ന തരത്തിലുള്ള സക്കറിയയുടെ അഭിപ്രായമല്ല ആദ്യ കഥ വായിച്ചതിനു ശേഷം ഉണ്ടായത് . കഥയില്‍ എഴുത്തുകാരിയുടെ വീക്ഷണം കടല്‍ ക്ഷോഭത്തില്‍പെട്ട  തോണി പോലെ  കൃത്യമായ നിലപാട് എടുക്കാന്‍  ബുദ്ധിമുട്ടുന്നു .അവതരണശൈലി നിലവാരം പുലര്‍ത്തിയില്ല ( കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍  കാളമൂത്രം പോലെ എന്ന് )
               പിന്നീടുള്ള കഥകള്‍ വായനക്കാരനെ കൂട്ടി കൊണ്ട് പോകുന്നത് വ്യത്യസ്തമായ അനുഭവത്തിലേക്ക് ആണ് .കേശവ പിള്ള മകനിലും സ്വവര്‍ഗ സങ്കടങ്ങളിലും നര്‍മത്തെ വളരെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു .വാണിഭം ലൈംഗികതയുടെ നട്ടെല്ല് സ്നേഹവും ആര്‍ദ്രതയും ആണെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്നു. 
  ആവേ മരിയ സമകാലിക കുരിശുമരണങ്ങളെ ഓര്‍മപ്പെടുത്തുന്നു, യേശു ഒറ്റക്കാണ് കുരിശു മരണം വരിച്ചതെങ്കില്‍ സമൂഹനന്മക്കു വേണ്ടി അഭിനവ യേശുമാരുടെ കുടുംബം കൂടി കുരിശേറ്റപ്പെട്ടു. സൌകര്യപൂര്‍വ്വം നമ്മള്‍ മറന്നു കളഞ്ഞ കാര്യങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്നതിനുമപ്പുറം ഈ കഥ മികച്ച ഒരു വായനാനുഭവം ആണെന്നതില്‍ സംശയമില്ല .കുരിശേട്ടപ്പെട്ടവന്റെ കാല്‍കീഴില്‍ മറിയയുടെ സ്നേഹം മാത്രമേ ഉണ്ടാകൂ എന്ന യഥാര്‍ത്ഥ്യം ഇതോര്‍മ്മിപ്പിക്കുന്നു.
    അവസാനത്തെ കഥ ആയ സോളോ ഗോയ്യ ഉല്‍കൃഷ്ടമായ അനുഭവ തലം തന്നെ നല്‍കുന്നു . ആല്‍ബ രാജ്ജ്നിയോടുള്ള ഗോയ്യയുടെ തീരാത്ത പ്രണയത്തിന്റെ ചിത്രമാകുന്ന  കഥ വ്യത്യസ്തമായ ആഖ്യാന ശൈലിയുടെ സുഖവും അനുഭവഭേദ്യമാക്കുന്നു .ഈ രണ്ടു കഥകള്‍ മാത്രം മതി വായനക്കാരനെ സംതൃപ്തനാക്കാന്‍ എന്നു ഞാന്‍ കരുതുന്നു . 


3 comments:

 1. കെ.ആര്‍. മീരയുടേ ഒരു ആരാധകനാണ്‌ ഞാന്‍ . പക്ഷെ, ആവേ മരിയ ഇത് വരെ വായിച്ചില്ല. വായിക്കട്ടെ.

  ReplyDelete
 2. നല്ലൊരു പരിച്ചപെടുതലാണ് താങ്കളുടെ ഈ പോസ്റ്റ്‌. എന്തായാലും വായിക്കണം എന്ന് തീരുമാനിച്ചു.
  ഒരു കാര്യം, ബോഗിലെ , കറുപ്പില്‍ കടും നീല അക്ഷരങ്ങള്‍ (ഡേറ്റ് ഉം കമന്റ്സ് ഉം ) തീരെ വായിക്കാന്‍ പറ്റുന്നില്ല , മാറ്റിയാല്‍ നന്നായിരിക്കും

  ReplyDelete
 3. പരിചയപ്പെടുത്തിയതിന്‌ നന്ദി

  ReplyDelete