Wednesday 29 December 2010

മിസ്സിംഗ്‌ ലിങ്ക് !!? എന്തൂട്ട് മിസ്സിംഗ്‌ ????

  വെള്ളച്ചീരി ബസ്സ്റ്റോപ്പിലാണ് മ്മടെ ശ്രീധരേട്ടന്റെ ചായക്കട . ചായക്കടയോട് ചേര്‍ന്നാണ് കുമാരന്‍റെ ബാര്‍ബര്‍ ഷോപ്പും  വേലുവിന്‍റെ തുന്നക്കടയും .

   ഒരു വൈകുന്നേരമാണ്  സംഭവം , ശ്രീധരേട്ടന്റെ  ചായക്കടയില്‍  കോളേജു കുട്ടപ്പന്‍  ശ്രീധരേട്ടനോടും അയമുട്ടിക്കായോടും  വെടി പറഞ്ഞിരിക്കുമ്പോഴാണ്‌   കയ്യില്‍ രണ്ടു മൂന്നു തടിച്ച പുസ്തകവും പിടിച്ച് മുരളി അങ്ങോട്ട്‌ കയറി വന്നത് ( കോളേജു കുട്ടപ്പന്‍ കോളേജില്‍ പഠിക്കുന്ന ചെക്കനൊന്നുമല്ല ! , പക്ഷെ  നാട്ടിലെ ഏറ്റവും വിവരമുള്ള പുള്ളിയാണെന്നാണ്  ചില നാട്ടുകാരുടെയും ചുരുങ്ങിയത് കുട്ടപ്പന്റെയെങ്കിലും വിചാരം ,  മുരളി കോളേജില്‍ പഠിക്കുന്ന പയ്യന്‍ )
കുട്ടപ്പന്റെ വാലായ  ബിണൂസ് കുമാര്‍ കളിയാക്കി ചിരിച്ചു " ഓന്റ്യാപ്പത്!!!"  (അവന്‍റെയൊരു ജാഡ കാണിക്കല്‍ എന്നര്‍ത്ഥം)
കുട്ടപ്പന്‍ ചോദിച്ചു " എന്താ ചങ്ങായീ അന്‍റെ കയ്യില് ?"
മുരളി പുസ്തകങ്ങളുടെ പേര് പറഞ്ഞു.

കുട്ടപ്പന്‍ പുച്ഛത്തോടെ " ഓ ! ഡോക്കിങ്ങിന്റ്യോ ? ഓനൊക്കെ എന്തറിയാം ? എടോ ഓന്‍ ഡാര്‍വ്വിനെ  താങ്ങി നടക്കാനല്ലാതെ പരിണാമത്തിന്റെ ലിങ്ക് കാണിച്ചു തരാന്‍ പറ്റീട്ടുണ്ടോ ?"
ലിങ്കെന്നു കേട്ടപ്പോള്‍ അയമുട്ടിക്കായും ശ്രീധരേട്ടനും ഞെട്ടി തിരിഞ്ഞു നോക്കി ..
ബിണൂസ് പറഞ്ഞു ," നീ ലിങ്ക് കാണിക്കെടോ ?"
മുരളി പുസ്തകം നിവര്‍ത്തി , എന്നിട്ട് പറഞ്ഞു ." ദാ ഇബടെ നോക്ക് ചങ്ങായീ ,Eomaia"
"എന്ത്?"
"Eomaia എന്നു വെച്ചാല്‍ ഒരു പത്തു കോടി വര്‍ഷം മുന്നേ ഉണ്ടായിരുന്ന ജീവിയാണ് . Placental സസ്തനികളുടെയൊക്കെ മുന്‍ഗാമി "
"അതെങ്ങനാ ലിങ്ക് ആകുന്നത് ?"

The animal is a primitive example of today's dominant mammals. "It's at the very root of this diverse and incredibly important group," . Eomaia 's teeth and ankle-bones mark it out as a member of the group called the Eutheria, rather than a marsupial or one of the egg-laying group called monotremes. But Eomaia probably lacked a placenta, and would have reproduced in a similar way to modern marsupials. Its hips are too narrow to give birth to large young; its babies would have been born at an early stage of development and clung to their mother for shelter and nourishment.]
http://www.nature.com/news/1998/020422/full/news020422-15.html#1 ]

"ന്നാ ദാ , Archaeopteryx ,പക്ഷികളുടെയും ഇഴ ജന്തുക്കളുടെയും ഇടയിലെ ലിങ്ക് .Archaeopteryx  മാത്രമല്ല തൂവ്വലുകളുള്ള ദിനോസരുകളെയും കണ്ടെത്തിയിട്ടുണ്ട്, ദാ ഇബടെ നോക്ക്."



ബിണൂസ് : " ഓ , ഇത്  മ്മടെ ജുറാസിക് പാര്‍ക്കിലെ പക്ഷിയല്ലേ !"
മുരളി : " പക്ഷിയല്ല ബിണൂ , അത് മ്മടെ കുട്ടപ്പന്‍  ചോദിച്ച ലിങ്ക് ആണ്."
               " വേറെ നോക്ക് , Anchiomis Huxleyi ,നാല് ചിറകുള്ള ദിനോസര്‍ "
 കുട്ടപ്പന്‍ തല താഴ്ത്തിയിരുന്നു .
Researchers have found that a 150 million year old "dinobird" fossil, long thought to contain nothing but fossilized bone and rock, has been hiding remnants of the animal's original chemistry. Using the bright X-ray beam of the Stanford Synchrotron Radiation Lightsource, located at the Department of Energy's SLAC National Accelerator Laboratory, an international team of paleontologists, geochemists and physicists has revealed this transformative glimpse into one of the most important fossils ever discovered: theArchaeopteryx, a half-dinosaur/half-bird species.  http://www.pnas.org/content/107/20/9060   ]
A fossil of a bird-like dinosaur with four wings has been discovered in northeastern China. The specimen bridges a critical gap in the transition from dinosaurs to birds, and reveals new insights into the origin evolution of feathers. http://www.nature.com/nature/journal/v461/n7264/full/nature08322.html ]

മുരളി : " ഇനി ഇതാ ഈ ചിത്രങ്ങളൊക്കെ ഒന്നു നോക്കിക്കേ , Eusthenopteron , അതിനു  മ്മടെ തവളപ്പോട്ടിലിന്റെ ലക്ഷണങ്ങളാണ് "

"Ichthyostega , ഈ ജന്തു മീനിന്റെ പോലെ ആണെങ്കിലും വിരലൊക്കെ ഉണ്ട് "

"Acanthostega , ഇതിനു ശ്വാസ കോശം ഉണ്ട് "

"ദാ ഇബടെ നോക്ക് Pandeichthys , Tiktaalik  ഇതിനു കണ്ടോ കഴുത്തൊക്കെ ഉണ്ട് , മൊതലേടെ തല , മീനിന്‍റെ വാല് "




[http://www.nature.com/nature/journal/v455/n7215/full/nature07189.html]


ദേ  ഇബടെ  വേറെ ഒരു  ലിങ്ക്  നോക്കിക്കേ  ..Intermediate between basal amphibians and caecilians    



അയമുട്ടിക്ക : " അമ്പമ്പോ ! "
ശ്രീധരേട്ടന്‍ : " അപ്പൊ ഇതിനാണോ ഇവന്‍ ലിങ്ക് ന്നു പറഞ്ഞത് ?"

മുരളി : " ഇതാ , ഇതൊന്നു നോക്കിക്കേ , ഇതു ഹിപ്പോയില്‍ നിന്നും തിമിംഗലതിലെക്കുള്ള   ലിങ്കുകള്‍ ആണ് "




കുട്ടപ്പന്‍ : " ഇതൊക്കെ വെറുതെ ചിത്രം വരച്ചതല്ലേ ?"
മുരളി : " വെറുതെ വരച്ചതോന്നുമല്ല , ഫോസ്സിലുകള്‍  കിട്ടീട്ടു ണ്ട് , പാക്കിസ്ഥാനീന്നൊക്കെ ".


മുരളി : " വെല്യെ ജന്തുക്കളുടെ കാര്യം മാത്രം പറെണെന്തിനാ  , ദാ അടുത്ത ലിങ്ക് , മ്മടെ ഈ ബാക്ടീരിയങ്ങളെ നോക്ക് . PVC , ഇവറ്റ  സീവേജിലോക്കെ  കാണുന്നതാ , സാധാരണ  ബാക്ടീരിയങ്ങളേക്കാള്‍  വലുത് , പിന്നെ കോശ വിഭജനം പതുക്കെയാണ് "
A common group of bacteria found in acid bogs and sewage treatment plants has provided scientists with evidence of a 'missing link' in one of the most important steps in the evolution of life on Earth -- the emergence of cells with a nucleus containing DNA (eukaryotic cells) . http://www.ucd.ie/news/2010/11NOV10/291110-Sewage-water-bacteria-fills-missing-link-in-early-evolution-of-life-on-earth.html   ]


ബിണൂസ് : " അയ്യോ മുരള്യേട്ടാ  ഇതു ടീവീല് കാണുന്ന വല്യേ ഓന്തല്ലേ  ? "
മുരളി : " അതാണ്‌ കൊമോഡോ ഡ്രാഗന്‍ , ചങ്ങായി ഇന്തോനെഷ്യേല് ആണ് , ഓന്റെയൊരു ബന്ധുവിനെ കിട്ടിയിട്ടുണ്ട് ആഫ്രിക്കേല്ന്ന് , 330 ലക്ഷം വര്‍ഷം പഴക്കംണ്ട് "
University of Alberta researchers have unearthed a mysterious link between bones of an ancient lizard found in Africa and the biggest, baddest modern-day lizard of them all, the Komodo dragon, half a world away in Indonesia .
 http://onlinelibrary.wiley.com/doi/10.1111/j.1475-4983.2010.00994.x/abstract         ]

മുരളി : " ദാ ഇബടെ നോക്കിക്കേ ..ജീവിച്ചിരിക്കുന്ന ഫോസ്സിലുകലായ ലിന്ഗ്വില , ഹോഴ്സ് ഷൂ ക്രാബ് , സീലാകാന്ത് ........പിന്നെ ദാ ലങ്ങ്‌ ഫിഷ്‌ "



" പിന്നെ ദാ മ്മടെ കടലാനയുടെ ബന്ധു Pezosiren , നടക്കുന്ന തിമിംഗലം എന്നോക്കെയാനത്രേ ഇതിനെ ശാസ്ത്രജ്ഞന്‍മാര് വിളിക്കുന്നത്‌ "


http://www.nature.com/nature/journal/v413/n6856/full/413625a0.html ]


" ഇനി നിനക്കെന്താ പറയാനുള്ളത് ? "

കുട്ടപ്പന്‍ : " ഇങ്ങടെ കയ്യില് കൊരങ്ങനും മനുഷ്യനുമായിട്ടു എന്ത് ലിങ്കാ ഉള്ളത് ? "
മുരളി : " ഈ പേജൊന്നു നോക്ക് ചങ്ങായീ ....Apidium , Aegyptopithecus , Proconsul , Pierolapithecus , Ardipithecus , Austraalopithecus , Homo habilis ,H. Erectus ........."
[http://en.wikipedia.org/wiki/List_of_human_evolution_fossils]
[http://en.wikipedia.org/wiki/List_of_transitional_fossils]

കുട്ടപ്പന്‍ ; " ഇന്നാലും ഞാന്‍ സമ്മതിക്കില്ല .താത്വികമായി  ഇതിന്റെയൊക്കെ ഇടയിലും ലിങ്കുണ്ടാകുമല്ലോ , അത് കാണിച്ചു താ ? "
ബിണൂസ് : " അന്നെക്കൊണ്ടു കൊരങ്ങന്‍ മനുഷ്യക്കുട്ടിയെ പ്രസവിക്കുന്നത് കാണിച്ചു തരാന്‍ പറ്റ്വോ ? "

സൈലന്റായിരുന്ന  അയമുട്ടിക്കാ  വയലന്റായി കുട്ടപ്പനെ തല്ലാനോങ്ങി " കള്ളപ്പന്നീ  , ഇനി  നീ  ആ  വാക്ക് മുണ്ടിപ്പോയാ അന്‍റെ അണപ്പല്ല് താഴെക്കെടക്കും . റോട്ട്മ്മല്ക്കൂടെ പെണ്ണുങ്ങള് പോകുമ്പോഴാടാ  ഇങ്ങനത്തെ വാക്ക് പറയണ്  ? . മൊരളി പറഞ്ഞതൊന്നും അന്‍റെ തലേക്കേറീല്ലേ   ? "
  ബഹളം കേട്ട്  ഒടി വന്ന ബാര്‍ബര്‍ കുമാരനും ടൈലര്‍ വേലുവും കൂടി അയമുട്ടിക്കായെ പിടിച്ച് മാറ്റി .

" ഇനി നിനക്ക് വേറേം കാണണമെങ്കില്‍ എന്‍റെ കയ്യിലോന്നുണ്ട് , അത് കാണിച്ചരാം ., അല്ല പിന്നെ !" , അയമുട്ടിക്കാ പിന്നെയും കലി തുള്ളി .
  നാണം കെട്ട കുട്ടപ്പന്‍ തല താഴ്ത്തി ഇറങ്ങിപ്പോയി .
ശ്രീധരേട്ടന്‍ : " ഇനി ഓനെ രണ്ടാഴ്ച ഈ വഴി കാണില്ല . നായൊട്ടു പുല്ലു തിന്നൂംല്ല പൈക്കളെ  തീറ്റിക്കൂംല്ലാച്ചാ   എന്താ ചെയ്യാ? "

( തല്‍ക്കാലം കുട്ടപ്പന്‍ തിരിച്ചു വരും വരെ നമുക്കു കാത്തിരിക്കാം )
( Reference : Richaard dawkins , Nature , Science Daily , Wiley online library )

Monday 15 November 2010

നന്ദികേട്‌

കൂട്ട് കിടക്കാന്‍ വന്നതാണവള്‍  
വേട്ടനായ്ക്കള്‍ വീടിനു ചുറ്റും പതിയിരുന്ന രാത്രിയില്‍
ഇരുളില്‍  മൂര്‍ച്ചയുടെ തിളക്കം
ഉള്ളില്‍ പകപ്പിന്റെ മുഴക്കം

വാതില്‍ ഇരുമ്പു കൊണ്ട്
ചുവരുകള്‍ കല്ലു കൊണ്ട്
അകത്തിരുന്നോരെന്റെ മനസ്സു മദിര കൊണ്ട്

വാളിന്‍റെ മിന്നലുള്ളില്‍ മങ്ങിയ നേരം
മനസ്സിലെ തുടലുകളഴിഞ്ഞ നേരം

ഇരുമ്പിന്‍റെ ബലത്തില്‍
കല്ലിന്‍റെ  ബലത്തില്‍
മദിരയുടെ ബലത്തില്‍
അവളെന്‍റെ കയ്യില്‍ പിടച്ചു.

നന്ദികേട്‌ ,
പിന്നെയൊരു പശ്ചാത്താപം !!

എന്മകജെ - കാക്ക വിരുന്നു വിളിക്കാത്ത നാട്

    ഭാഗ്യലക്ഷ്മി പുറത്തേക്കു വന്നു.
പതിമൂന്നു,പതിന്നാലു വയസ്സുള്ള വെളുത്ത നിറമുള്ള, ഐശ്വര്യമുള്ള പെണ്‍കുട്ടി .
പക്ഷെ , അടുത്ത നിമിഷത്തില്‍ ഷോക്ക് ഏറ്റപോലെ  ഒരു വിറ നീലകണ്ടന്റെ ശരീരമറിഞ്ഞു.
കണ്ടത് സത്യമാണെന്ന് ഉറപ്പുവരുത്താന്‍ അയാള്‍ ഒന്ന് കൂടെ ഭാഗ്യലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി.
വലിയ നാവു പുറത്തേക്കു ഇട്ടാണ് അവള്‍ നില്‍ക്കുന്നത് . ചുവന്നു തുടുത്ത നാവ് . നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഭാഗ്യലക്ഷ്മി നാവ് ഉള്ളിലേക്കെടുക്കുന്നില്ല . വായ പൂട്ടുന്നില്ല.
വിഷാദം നിറഞ്ഞ സ്വരത്തില്‍ ശിവപ്പ പറഞ്ഞു.
"ഓക്ക് ബായി പൂട്ടാങ്കയ്യ"
---
എന്മകജെ വായിച്ചിട്ട്  അഞ്ചാറു മാസം കഴിഞ്ഞു , ഇപ്പോള്‍ ഇതെഴുതാന്‍ കാരണമായത്‌  സമകാലിക സംഭവങ്ങളാണ് .
നോവല്‍ കലാമൂല്യം കൊണ്ട് വളരെയൊന്നും മേന്മ അവകാശപ്പെടാനില്ലെങ്കിലും അതുയര്‍ത്തുന്ന മാനുഷിക മൂല്യങ്ങളുടെ അളവ് വളരെ ഉയര്‍ന്നതാണ് . അദ്ദേഹത്തിന്റെ ആദ്യ നോവലായ 'മരക്കാപ്പിലെ തെയ്യങ്ങളുടെ ' ആസ്വാദ്യത ഈ നോവലിനില്ലെങ്കില്‍ തന്നെയും മനസ്സാക്ഷിയുള്ള ഏതൊരു മലയാളിയും ഇത് വായിച്ചിരിക്കെണ്ടതാണ് .
      കേന്ദ്ര കഥാപാത്രമായ നീലകണ്ഠന്‍ എന്ന വിപ്ലവകാരി  മുഖ്യധാര ജീവിതം മടുത്തു എന്മകജെയില്‍ വന്നു താമസിക്കുന്നു .യാദൃശ്ചികമായി എന്ടോസള്‍ഫാന്‍ ഇരകളെ കാണാന്‍ ഇടയാകുകയും പിന്നീട് അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നു , പോരാട്ടങ്ങളില്‍ അവര്‍ പരാജയപ്പെടുന്നു .  
  എന്മകജെ ഒരുപാട് സ്വാഭാവിക ജലസ്രോതസ്സുകള്‍ ഉള്ള ,കിണറുകള്‍ ഇല്ലാത്ത  നാടാണ്. അതുകൊണ്ട് തന്നെ ഏരിയല്‍ സ്പ്രേ വഴി വിഷം തളിക്കുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ മനുഷ്യരിലെത്തുന്നു . കാല്‍ നൂറ്റാണ്ടോളമാണ് അവര്‍ വിഷം തളിച്ചത്. 26 വര്‍ഷം മുന്‍പ് തന്നെ അമേരിക്ക എന്ടോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിര്‍ത്തി , പാകിസ്താനും ബംഗ്ലാദേശുമെല്ലാം  ഈ മാരകവിഷം നിരോധിച്ചു . എന്നിട്ടും നമ്മള്‍ ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് . പഠിക്കാന്‍ വരുന്നവന്മാര്‍ കാസര്‍ഗോടുള്ള ഹോട്ടലില്‍ ഇരുന്നു കള്ളും കോഴിയും അടിച്ചു കണ്ണുമടച്ചു അവന്മാര്‍ക്കനുകൂലമായി റിപ്പോര്‍ട്ട് കൊടുക്കും .
  ഒരമ്മയുടെ മുലപ്പാലില്‍ എന്ടോസള്‍ഫാന്‍ 22.4ppm , രക്തത്തില്‍ 176.9ppm വെള്ളത്തില്‍ പോലും അനുവദനീയമായത് 0.18ppm ആണെന്നോര്‍ക്കുക . ഇവിടെ സ്ത്രീകളിലെ ആര്‍ത്തവ ചക്രം തെറ്റുന്നു . പ്രോസ്റ്റെറ്റ്  ക്യാന്‍സറും സ്തന അര്‍ബുദവും  വ്യാപകമാകുന്നു. ജീവികളില്‍ ദ്രുത ഗതിയിലുള്ള ജനിതക മാറ്റങ്ങള്‍ക്കു വരെ എന്ടോസള്‍ഫാന്‍ കാരണമാകുന്നു.
പുരാണത്തില്‍ മുലപ്പാലില്‍ വിഷം ചേര്‍ത്തിട്ടാണ് പൂതന കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചത്. ഇവിടെ എന്താ സംഭവിക്കുന്നത്‌ ? ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ ആഹാരം മുലപ്പാലാണ് എന്ന് കരുതി ഇന്നാട്ടിലെ അമ്മമാര്‍ അറിയാതെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്നത് വിഷമാണ് .
     മനുഷ്യര്‍ക്ക്‌ മാത്രമല്ല ഇവിടെ വൈകല്യങ്ങള്‍ ഉള്ളത് , മൃഗങ്ങളും പക്ഷികളും വൈകല്യത്തോടെ ജനിക്കുന്നു .
   ഇവിടെ ക്യാന്‍സര്‍ , അപസ്മാരം , ബുദ്ധിമാന്ദ്യം , അംഗവൈകല്യം , ചര്‍മരോഗം , മാനസിക വിഭ്രാന്തി എന്നിവ വ്യാപകമായി കാണപ്പെടുന്നു .എന്മകജെ വിചിത്രരോഗികള്‍ പാര്‍ക്കുന്ന നാടായിരിക്കുന്നു. ഞരങ്ങലുകളും , നിലവിളികളും , വിഡ്ഢിചിരികളും നിറഞ്ഞ നാട് . കാക്കകള്‍ വിരുന്നു വരാത്ത , പുഴകളില്‍ മീന്‍ തുടിക്കാത്ത നാട് !
     പണ്ട്  സുഡാനില്‍ പക്ഷികളെ കൊല്ലാന്‍ വേണ്ടി എന്ടോസള്‍ഫാന്‍ പുരട്ടി എടുത്തു വെച്ച വിത്തുകള്‍ അറിയാതെ എടുത്തു കഴിച്ച കുട്ടികളടക്കം മുപ്പത്തിയൊന്നു പേര്‍ മരിച്ചത്രെ .!!
      തോമസ്‌ ഒഴികെയുള്ള നമ്മുടെ എല്ലാ കോണ്ഗ്രസ് നേതാക്കന്മാരും പറയുന്നത് എന്ടോസള്‍ഫാന്‍ നിരോധിക്കണം എന്നാണ് . അപ്പോള്‍ പിന്നെ ആര്‍ക്കാണ് എതിരഭിപ്രായം ? മുകളിലിരിക്കുന്നവരുടെ കൂറ് ആരോടാണ് ? തോമസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഗവണ്മെന്റിന്റെ അഭിപ്രായം ആണ് അങ്ങേരുടെ വായിലൂടെ വന്നത് .അങ്ങേരു പാവം , ആടെന്തറിഞ്ഞു അങ്ങാടി വാണിഭം ?
      മഹാബലിയെ കുറിച്ച്  ഇവിടെ ഒരു ഐതിഹ്യമുണ്ട് , ബലി രാജ്യഭ്രഷ്ടനായി പോകുമ്പോള്‍ ദുഖത്തോടെ തിരിഞ്ഞു നോക്കിയപ്പോള്‍ വാമനന്‍ കളിയാക്കി പറഞ്ഞു "തുമ്പ ചെടിയുടെ തണലില്‍ കുട്ടികള്‍ ഓടിക്കളിക്കുന്ന കാലത്ത്, പൂച്ചക്ക് കൊമ്പു മുളക്കുമ്പോള്‍, വൃദ്ധ വയസ്സ് അറിയിക്കുമ്പോള്‍ , കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത് തിരിച്ചു വന്നു രാജ്യം ഭരിക്കാം " ..ബലി എന്മകജെയില്‍ തിരിച്ചു വരുമെന്ന് തോന്നുന്നു !!


Monday 1 November 2010

ദൈവത്തിന്‍റെ നോവ്‌

 നസ്രാണിയുടെ പാട്ട് കേട്ട
ദൈവത്തിന്‍റെ  കാതു പൊള്ളി 
പണ്ട് തിയ്യന്റെ പുലയന്റെ പാണന്റെ
പ്രാര്‍ത്ഥന  പൊള്ളിച്ച  കാത്

നോവ്‌ കോമരത്തിന്റെ നാവിലൂടെ
തുപ്പിതെറിച്ച നമ്പൂരിയുടെ വാക്കിലൂടെ 
ചങ്ക് പൊട്ടി കേട്ടു നിന്നു
പാണനും തിയ്യനും പുലയനും .

അവരുറക്കെ പാടി 
ചങ്കു പൊട്ടി പാടി
പാട്ട് കൊണ്ട് കോട്ട കെട്ടി
           ദൈവത്തിന്‍റെ കാതിന്‌
പ്രാര്‍ത്ഥന കൊണ്ട് തേന്‍ പുരട്ടി
            ദൈവത്തിന്‍റെ നോവിന് 

Tuesday 26 October 2010

ചരിത്ര ഗവേഷകന്‍

നമുക്കൊരു ചരിത്രകാരനെ വേണം
രാഷ്ട്രീയമുള്ള ചരിത്രകാരന്‍

പലരും കുഴിച്ചു കുഴിച്ചു പാതാളത്തോളം ചെന്ന്
തരിച്ചു തരിച്ചെടുത്തത് ചൂഷകന്റെ കിരീടരത്നം
അരച്ച് വയമ്പു തേനും ചേര്‍ത്ത്
സ്വത്വമില്ലാത്ത പുതുധിഷണയില്‍ തേയ്ക്കുന്നു

ഇനി നമുക്ക് വേണമൊരുവനെ
കുഴിച്ചു നിരത്തിയിട്ടോരീ മണ്ണില്‍
കൊള്ളയടിക്കപ്പെട്ടവന്റെ വിയര്‍പ്പും ചോരയും
കവച്ചു പറന്നൊരു തേനീച്ചയെ പോല്‍
ചിതറിക്കിടന്ന ചൂഷകശുക്ലത്തിന്റെ
മധുരം നുണയുന്നൊരുവനെ വേണ്ട

വിയര്‍പ്പിന്റെയുപ്പിലും ചോരയുടെ ചുവപ്പിലു-
മിഴഞ്ഞതൊരു പടമായ് പൊഴിക്കാതെ
യുള്ളിലാവഹിച്ചു വിഷം ഏറ്റി     
ആഞ്ഞു കൊത്താന്‍ കഴിവുള്ലോരുത്തനെ  
രാഷ്ട്രീയമുള്ലൊരു  ചരിത്രകാരനെ

Friday 10 September 2010

ആദ്യാക്ഷരം

സാഗരതീരത്തെ ഭോജന ശാലയില്‍
 സോമരസത്തിന്‍ ലഹരിയുമായ് 
ചാഞ്ഞു മയങ്ങിയെന്‍ ചാരത്തു നീ
ചന്ദ്രിക പെയ്തൊരാ നീലരാവില്‍

കാറ്റില്‍ നിന്നളകങ്ങള്‍ തെന്നി വീഴുന്നേരം 
കോതിയൊതുക്കിയെന്നംഗുലികള്‍ 
സുന്ദര സ്വപ്നത്തില്‍ നീ പുഞ്ചിരി കൊണ്ടപ്പോള്‍
താരങ്ങള്‍ നാണിച്ചു കണ്ണിറുമ്മി         
    ദൂരെ താരങ്ങള്‍ നാണിച്ചു കണ്ണിറുമ്മി 

മെഴുതിരി ജ്വാല നിന്‍ നുണക്കുഴിക്കവിളിലോ   
പ്രഭ കൊണ്ട് ചന്ദനക്കളമെഴുതി     
ചുംബനം കൊണ്ട് ഞാന്‍ നിന്‍റെ മൂര്‍ധാവില്‍ 
പ്രേമത്തിന്നാദ്യക്ഷരമെഴുതി 
എന്‍ പ്രേമത്തിന്നാദ്യക്ഷരമെഴുതി

Monday 12 July 2010

ആവേ മരിയ - പുതിയ അനുഭവതലങ്ങള്‍


ഇത്തവണത്തെ അക്കാദമി അവാര്‍ഡ്‌ കിട്ടിയ കെ ആര്‍ മീരയുടെ ' ആവേ മരിയ ' വായിക്കാനിടയായി . ഒമ്പത് കഥകളും വ്യത്യസ്തമായ നിലവാരം പുലര്‍ത്തുന്നു . അതിലെ ആവേ മരിയ എന്ന കഥയും സോളോ ഗോയ്യ എന്ന കഥയും ഉല്‍കൃഷ്ടമായ നിലവാരം പുലര്‍ത്തുന്നു  എന്നു പറയാതെ വയ്യവാണിഭം,കേശവപിള്ള മകന്‍ ,സ്വവര്‍ഗ സങ്കടങ്ങള്‍ എന്നീ കഥകള്‍ ശരാശരിയിലും ഉയര്‍ന്നു നില്‍ക്കുന്നുകത്തനാരും സന്ദേഹവും ആട്ടുകട്ടിലും ശരാശരി നിലവാരം പുലര്‍ത്തുന്നു . പക്ഷെ ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ ഒരു പൈങ്കിളി കഥയില്‍ നിന്നും മികച്ചതാണെന്ന് തോന്നുന്നില്ല .
            സക്കറിയയുടെ അവതാരിക വായിച്ചതിനു ശേഷം ആദ്യ കഥ വായിച്ചപ്പോള്‍ പുത്തരിയില്‍ കല്ല് കടിച്ച പോലെ തോന്നി .ലൈംഗികത പക്വതയോടെ പുത്തന്‍ വീക്ഷണത്തില്‍  അവതരിപ്പിക്കപ്പെട്ടു എന്ന തരത്തിലുള്ള സക്കറിയയുടെ അഭിപ്രായമല്ല ആദ്യ കഥ വായിച്ചതിനു ശേഷം ഉണ്ടായത് . കഥയില്‍ എഴുത്തുകാരിയുടെ വീക്ഷണം കടല്‍ ക്ഷോഭത്തില്‍പെട്ട  തോണി പോലെ  കൃത്യമായ നിലപാട് എടുക്കാന്‍  ബുദ്ധിമുട്ടുന്നു .അവതരണശൈലി നിലവാരം പുലര്‍ത്തിയില്ല ( കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍  കാളമൂത്രം പോലെ എന്ന് )
               പിന്നീടുള്ള കഥകള്‍ വായനക്കാരനെ കൂട്ടി കൊണ്ട് പോകുന്നത് വ്യത്യസ്തമായ അനുഭവത്തിലേക്ക് ആണ് .കേശവ പിള്ള മകനിലും സ്വവര്‍ഗ സങ്കടങ്ങളിലും നര്‍മത്തെ വളരെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു .വാണിഭം ലൈംഗികതയുടെ നട്ടെല്ല് സ്നേഹവും ആര്‍ദ്രതയും ആണെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്നു. 
  ആവേ മരിയ സമകാലിക കുരിശുമരണങ്ങളെ ഓര്‍മപ്പെടുത്തുന്നു, യേശു ഒറ്റക്കാണ് കുരിശു മരണം വരിച്ചതെങ്കില്‍ സമൂഹനന്മക്കു വേണ്ടി അഭിനവ യേശുമാരുടെ കുടുംബം കൂടി കുരിശേറ്റപ്പെട്ടു. സൌകര്യപൂര്‍വ്വം നമ്മള്‍ മറന്നു കളഞ്ഞ കാര്യങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്നതിനുമപ്പുറം ഈ കഥ മികച്ച ഒരു വായനാനുഭവം ആണെന്നതില്‍ സംശയമില്ല .കുരിശേട്ടപ്പെട്ടവന്റെ കാല്‍കീഴില്‍ മറിയയുടെ സ്നേഹം മാത്രമേ ഉണ്ടാകൂ എന്ന യഥാര്‍ത്ഥ്യം ഇതോര്‍മ്മിപ്പിക്കുന്നു.
    അവസാനത്തെ കഥ ആയ സോളോ ഗോയ്യ ഉല്‍കൃഷ്ടമായ അനുഭവ തലം തന്നെ നല്‍കുന്നു . ആല്‍ബ രാജ്ജ്നിയോടുള്ള ഗോയ്യയുടെ തീരാത്ത പ്രണയത്തിന്റെ ചിത്രമാകുന്ന  കഥ വ്യത്യസ്തമായ ആഖ്യാന ശൈലിയുടെ സുഖവും അനുഭവഭേദ്യമാക്കുന്നു .ഈ രണ്ടു കഥകള്‍ മാത്രം മതി വായനക്കാരനെ സംതൃപ്തനാക്കാന്‍ എന്നു ഞാന്‍ കരുതുന്നു . 


Wednesday 23 June 2010

ഫ്രാന്‍സ് ...ഒരു ദുരന്തനാടകം !!!

അയെര്‍ലാണ്ടിനെ പിന്നില്‍ നിന്ന് കുത്തി വേള്‍ഡ് കപ്പിന് വന്ന ഫ്രാന്‍സിനെ കുറിച്ച് വലുതായൊന്നും പ്രതീക്ഷിച്ചിരുന്നില്ല , അതുകൊണ്ട് തന്നെ ഉറക്കമൊഴിച്ചു ആദ്യത്തെ കളി കാണാതിരുന്നത് നന്നായെന്നു ഇപ്പോള്‍ തോന്നുന്നു . കഴിഞ്ഞ വേള്‍ഡ് കപ്പില്‍ സിദാന്‍ എന്ന ഒറ്റ കളികാരന്റെ മികവില്‍ ഫൈനലില്‍ എത്തിയ അവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തി കാരണം നാണം കെടുകയും ചെയ്തു . പക്ഷെ ഇത്തവണ ഇത്രക്കും ദയനീയമായ ഒരു പ്രകടനം നമ്മള്‍ പ്രതീക്ഷിച്ചില്ല .
ഈ തോല്‍വിക്ക് കാരണമായത്‌ പാളയത്തിലെ പട തന്നെയായിരുന്നു . ഈ നാടകത്തിലെ നായകന്‍ കോച്ച് ഡോമനെഷ് ആയിരുന്നു . ഓണ്‍റിക്ക് പകരം വന്ന ഗോവിനു പന്ത് കൊടുകാതെ കളിച്ച ഫ്രാന്‍സ് ടീം സ്വയം കുഴി തോണ്ടി . കോച്ചിന്റെ തള്ളയ്ക്കു വിളിച്ച അനെല്കയെ നാട്ടിലേയ്ക് കയറ്റി വിട്ടതില്‍ പ്രധിഷേധിച്ച് പരിശീലനം മുടക്കിയ ഈ ---രന്മാര്‍ അവസാനത്തെ കളിയും പരാജയപ്പെട്ടു പുറത്തായി . ഇതില്‍ ഗല്ലസിന്റെ പങ്കു എടുത്തു പറയേണ്ടിയിരിക്കുന്നു .ഓരോ തോല്‍വിയിലും ഈ താരം വഹിച്ച പങ്കു മഹാനീയമായിരുന്നു ( ഇദ്ദേഹത്തെ ക്യാപ്ടന്‍ ആക്കാതതിലുള്ള പ്രധിഷേധം !!).രിബേരി എന്ന ഒരു കളിക്കാരനോഴികെ ആരും തന്നെ കളിച്ചതുമില്ല .

കളിയില്‍ ജയവും തോല്‍വിയും സ്വാഭാവികം ,പക്ഷെ ഇത്തരത്തില്‍ തരാം താണ നാടകങ്ങള്‍ കളിക്കുന്ന രാജ്യദ്രോഹികളെ ആജീവനാന്തം വിലക്കേണ്ടത് തന്നെയാണ്

തുടക്കം

ഒരു നല്ല തുടക്കത്തിനു വേണ്ടി ഇത്ര നാള്‍ കാത്തിരുന്നു . സൈറ്റ് ഓപ്പണ്‍ ചെയ്തു വെറുതെ നോക്കിയിരുന്നു , ഒന്നും എഴുതാന്‍ കിട്ടിയില്ല . ഉച്ചക്ക് ബിരിയാണി തിന്നു പല്ലിട കുത്തി മലര്‍ന്നു കിടക്കുമ്പോള്‍ തലയില്‍ ബള്‍ബ്‌ കത്തി .. യുറേക്കാ യുറേക്കാ !!!