Monday, 15 November 2010

നന്ദികേട്‌

കൂട്ട് കിടക്കാന്‍ വന്നതാണവള്‍  
വേട്ടനായ്ക്കള്‍ വീടിനു ചുറ്റും പതിയിരുന്ന രാത്രിയില്‍
ഇരുളില്‍  മൂര്‍ച്ചയുടെ തിളക്കം
ഉള്ളില്‍ പകപ്പിന്റെ മുഴക്കം

വാതില്‍ ഇരുമ്പു കൊണ്ട്
ചുവരുകള്‍ കല്ലു കൊണ്ട്
അകത്തിരുന്നോരെന്റെ മനസ്സു മദിര കൊണ്ട്

വാളിന്‍റെ മിന്നലുള്ളില്‍ മങ്ങിയ നേരം
മനസ്സിലെ തുടലുകളഴിഞ്ഞ നേരം

ഇരുമ്പിന്‍റെ ബലത്തില്‍
കല്ലിന്‍റെ  ബലത്തില്‍
മദിരയുടെ ബലത്തില്‍
അവളെന്‍റെ കയ്യില്‍ പിടച്ചു.

നന്ദികേട്‌ ,
പിന്നെയൊരു പശ്ചാത്താപം !!

എന്മകജെ - കാക്ക വിരുന്നു വിളിക്കാത്ത നാട്

    ഭാഗ്യലക്ഷ്മി പുറത്തേക്കു വന്നു.
പതിമൂന്നു,പതിന്നാലു വയസ്സുള്ള വെളുത്ത നിറമുള്ള, ഐശ്വര്യമുള്ള പെണ്‍കുട്ടി .
പക്ഷെ , അടുത്ത നിമിഷത്തില്‍ ഷോക്ക് ഏറ്റപോലെ  ഒരു വിറ നീലകണ്ടന്റെ ശരീരമറിഞ്ഞു.
കണ്ടത് സത്യമാണെന്ന് ഉറപ്പുവരുത്താന്‍ അയാള്‍ ഒന്ന് കൂടെ ഭാഗ്യലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി.
വലിയ നാവു പുറത്തേക്കു ഇട്ടാണ് അവള്‍ നില്‍ക്കുന്നത് . ചുവന്നു തുടുത്ത നാവ് . നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഭാഗ്യലക്ഷ്മി നാവ് ഉള്ളിലേക്കെടുക്കുന്നില്ല . വായ പൂട്ടുന്നില്ല.
വിഷാദം നിറഞ്ഞ സ്വരത്തില്‍ ശിവപ്പ പറഞ്ഞു.
"ഓക്ക് ബായി പൂട്ടാങ്കയ്യ"
---
എന്മകജെ വായിച്ചിട്ട്  അഞ്ചാറു മാസം കഴിഞ്ഞു , ഇപ്പോള്‍ ഇതെഴുതാന്‍ കാരണമായത്‌  സമകാലിക സംഭവങ്ങളാണ് .
നോവല്‍ കലാമൂല്യം കൊണ്ട് വളരെയൊന്നും മേന്മ അവകാശപ്പെടാനില്ലെങ്കിലും അതുയര്‍ത്തുന്ന മാനുഷിക മൂല്യങ്ങളുടെ അളവ് വളരെ ഉയര്‍ന്നതാണ് . അദ്ദേഹത്തിന്റെ ആദ്യ നോവലായ 'മരക്കാപ്പിലെ തെയ്യങ്ങളുടെ ' ആസ്വാദ്യത ഈ നോവലിനില്ലെങ്കില്‍ തന്നെയും മനസ്സാക്ഷിയുള്ള ഏതൊരു മലയാളിയും ഇത് വായിച്ചിരിക്കെണ്ടതാണ് .
      കേന്ദ്ര കഥാപാത്രമായ നീലകണ്ഠന്‍ എന്ന വിപ്ലവകാരി  മുഖ്യധാര ജീവിതം മടുത്തു എന്മകജെയില്‍ വന്നു താമസിക്കുന്നു .യാദൃശ്ചികമായി എന്ടോസള്‍ഫാന്‍ ഇരകളെ കാണാന്‍ ഇടയാകുകയും പിന്നീട് അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നു , പോരാട്ടങ്ങളില്‍ അവര്‍ പരാജയപ്പെടുന്നു .  
  എന്മകജെ ഒരുപാട് സ്വാഭാവിക ജലസ്രോതസ്സുകള്‍ ഉള്ള ,കിണറുകള്‍ ഇല്ലാത്ത  നാടാണ്. അതുകൊണ്ട് തന്നെ ഏരിയല്‍ സ്പ്രേ വഴി വിഷം തളിക്കുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ മനുഷ്യരിലെത്തുന്നു . കാല്‍ നൂറ്റാണ്ടോളമാണ് അവര്‍ വിഷം തളിച്ചത്. 26 വര്‍ഷം മുന്‍പ് തന്നെ അമേരിക്ക എന്ടോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിര്‍ത്തി , പാകിസ്താനും ബംഗ്ലാദേശുമെല്ലാം  ഈ മാരകവിഷം നിരോധിച്ചു . എന്നിട്ടും നമ്മള്‍ ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് . പഠിക്കാന്‍ വരുന്നവന്മാര്‍ കാസര്‍ഗോടുള്ള ഹോട്ടലില്‍ ഇരുന്നു കള്ളും കോഴിയും അടിച്ചു കണ്ണുമടച്ചു അവന്മാര്‍ക്കനുകൂലമായി റിപ്പോര്‍ട്ട് കൊടുക്കും .
  ഒരമ്മയുടെ മുലപ്പാലില്‍ എന്ടോസള്‍ഫാന്‍ 22.4ppm , രക്തത്തില്‍ 176.9ppm വെള്ളത്തില്‍ പോലും അനുവദനീയമായത് 0.18ppm ആണെന്നോര്‍ക്കുക . ഇവിടെ സ്ത്രീകളിലെ ആര്‍ത്തവ ചക്രം തെറ്റുന്നു . പ്രോസ്റ്റെറ്റ്  ക്യാന്‍സറും സ്തന അര്‍ബുദവും  വ്യാപകമാകുന്നു. ജീവികളില്‍ ദ്രുത ഗതിയിലുള്ള ജനിതക മാറ്റങ്ങള്‍ക്കു വരെ എന്ടോസള്‍ഫാന്‍ കാരണമാകുന്നു.
പുരാണത്തില്‍ മുലപ്പാലില്‍ വിഷം ചേര്‍ത്തിട്ടാണ് പൂതന കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചത്. ഇവിടെ എന്താ സംഭവിക്കുന്നത്‌ ? ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ ആഹാരം മുലപ്പാലാണ് എന്ന് കരുതി ഇന്നാട്ടിലെ അമ്മമാര്‍ അറിയാതെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്നത് വിഷമാണ് .
     മനുഷ്യര്‍ക്ക്‌ മാത്രമല്ല ഇവിടെ വൈകല്യങ്ങള്‍ ഉള്ളത് , മൃഗങ്ങളും പക്ഷികളും വൈകല്യത്തോടെ ജനിക്കുന്നു .
   ഇവിടെ ക്യാന്‍സര്‍ , അപസ്മാരം , ബുദ്ധിമാന്ദ്യം , അംഗവൈകല്യം , ചര്‍മരോഗം , മാനസിക വിഭ്രാന്തി എന്നിവ വ്യാപകമായി കാണപ്പെടുന്നു .എന്മകജെ വിചിത്രരോഗികള്‍ പാര്‍ക്കുന്ന നാടായിരിക്കുന്നു. ഞരങ്ങലുകളും , നിലവിളികളും , വിഡ്ഢിചിരികളും നിറഞ്ഞ നാട് . കാക്കകള്‍ വിരുന്നു വരാത്ത , പുഴകളില്‍ മീന്‍ തുടിക്കാത്ത നാട് !
     പണ്ട്  സുഡാനില്‍ പക്ഷികളെ കൊല്ലാന്‍ വേണ്ടി എന്ടോസള്‍ഫാന്‍ പുരട്ടി എടുത്തു വെച്ച വിത്തുകള്‍ അറിയാതെ എടുത്തു കഴിച്ച കുട്ടികളടക്കം മുപ്പത്തിയൊന്നു പേര്‍ മരിച്ചത്രെ .!!
      തോമസ്‌ ഒഴികെയുള്ള നമ്മുടെ എല്ലാ കോണ്ഗ്രസ് നേതാക്കന്മാരും പറയുന്നത് എന്ടോസള്‍ഫാന്‍ നിരോധിക്കണം എന്നാണ് . അപ്പോള്‍ പിന്നെ ആര്‍ക്കാണ് എതിരഭിപ്രായം ? മുകളിലിരിക്കുന്നവരുടെ കൂറ് ആരോടാണ് ? തോമസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഗവണ്മെന്റിന്റെ അഭിപ്രായം ആണ് അങ്ങേരുടെ വായിലൂടെ വന്നത് .അങ്ങേരു പാവം , ആടെന്തറിഞ്ഞു അങ്ങാടി വാണിഭം ?
      മഹാബലിയെ കുറിച്ച്  ഇവിടെ ഒരു ഐതിഹ്യമുണ്ട് , ബലി രാജ്യഭ്രഷ്ടനായി പോകുമ്പോള്‍ ദുഖത്തോടെ തിരിഞ്ഞു നോക്കിയപ്പോള്‍ വാമനന്‍ കളിയാക്കി പറഞ്ഞു "തുമ്പ ചെടിയുടെ തണലില്‍ കുട്ടികള്‍ ഓടിക്കളിക്കുന്ന കാലത്ത്, പൂച്ചക്ക് കൊമ്പു മുളക്കുമ്പോള്‍, വൃദ്ധ വയസ്സ് അറിയിക്കുമ്പോള്‍ , കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത് തിരിച്ചു വന്നു രാജ്യം ഭരിക്കാം " ..ബലി എന്മകജെയില്‍ തിരിച്ചു വരുമെന്ന് തോന്നുന്നു !!


Monday, 1 November 2010

ദൈവത്തിന്‍റെ നോവ്‌

 നസ്രാണിയുടെ പാട്ട് കേട്ട
ദൈവത്തിന്‍റെ  കാതു പൊള്ളി 
പണ്ട് തിയ്യന്റെ പുലയന്റെ പാണന്റെ
പ്രാര്‍ത്ഥന  പൊള്ളിച്ച  കാത്

നോവ്‌ കോമരത്തിന്റെ നാവിലൂടെ
തുപ്പിതെറിച്ച നമ്പൂരിയുടെ വാക്കിലൂടെ 
ചങ്ക് പൊട്ടി കേട്ടു നിന്നു
പാണനും തിയ്യനും പുലയനും .

അവരുറക്കെ പാടി 
ചങ്കു പൊട്ടി പാടി
പാട്ട് കൊണ്ട് കോട്ട കെട്ടി
           ദൈവത്തിന്‍റെ കാതിന്‌
പ്രാര്‍ത്ഥന കൊണ്ട് തേന്‍ പുരട്ടി
            ദൈവത്തിന്‍റെ നോവിന്