Friday, 10 September 2010

ആദ്യാക്ഷരം

സാഗരതീരത്തെ ഭോജന ശാലയില്‍
 സോമരസത്തിന്‍ ലഹരിയുമായ് 
ചാഞ്ഞു മയങ്ങിയെന്‍ ചാരത്തു നീ
ചന്ദ്രിക പെയ്തൊരാ നീലരാവില്‍

കാറ്റില്‍ നിന്നളകങ്ങള്‍ തെന്നി വീഴുന്നേരം 
കോതിയൊതുക്കിയെന്നംഗുലികള്‍ 
സുന്ദര സ്വപ്നത്തില്‍ നീ പുഞ്ചിരി കൊണ്ടപ്പോള്‍
താരങ്ങള്‍ നാണിച്ചു കണ്ണിറുമ്മി         
    ദൂരെ താരങ്ങള്‍ നാണിച്ചു കണ്ണിറുമ്മി 

മെഴുതിരി ജ്വാല നിന്‍ നുണക്കുഴിക്കവിളിലോ   
പ്രഭ കൊണ്ട് ചന്ദനക്കളമെഴുതി     
ചുംബനം കൊണ്ട് ഞാന്‍ നിന്‍റെ മൂര്‍ധാവില്‍ 
പ്രേമത്തിന്നാദ്യക്ഷരമെഴുതി 
എന്‍ പ്രേമത്തിന്നാദ്യക്ഷരമെഴുതി

Monday, 12 July 2010

ആവേ മരിയ - പുതിയ അനുഭവതലങ്ങള്‍


ഇത്തവണത്തെ അക്കാദമി അവാര്‍ഡ്‌ കിട്ടിയ കെ ആര്‍ മീരയുടെ ' ആവേ മരിയ ' വായിക്കാനിടയായി . ഒമ്പത് കഥകളും വ്യത്യസ്തമായ നിലവാരം പുലര്‍ത്തുന്നു . അതിലെ ആവേ മരിയ എന്ന കഥയും സോളോ ഗോയ്യ എന്ന കഥയും ഉല്‍കൃഷ്ടമായ നിലവാരം പുലര്‍ത്തുന്നു  എന്നു പറയാതെ വയ്യ. വാണിഭം,കേശവപിള്ള മകന്‍ ,സ്വവര്‍ഗ സങ്കടങ്ങള്‍ എന്നീ കഥകള്‍ ശരാശരിയിലും ഉയര്‍ന്നു നില്‍ക്കുന്നു. കത്തനാരും സന്ദേഹവും ആട്ടുകട്ടിലും ശരാശരി നിലവാരം പുലര്‍ത്തുന്നു . പക്ഷെ ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ ഒരു പൈങ്കിളി കഥയില്‍ നിന്നും മികച്ചതാണെന്ന് തോന്നുന്നില്ല .
            സക്കറിയയുടെ അവതാരിക വായിച്ചതിനു ശേഷം ആദ്യ കഥ വായിച്ചപ്പോള്‍ പുത്തരിയില്‍ കല്ല് കടിച്ച പോലെ തോന്നി .ലൈംഗികത പക്വതയോടെ പുത്തന്‍ വീക്ഷണത്തില്‍  അവതരിപ്പിക്കപ്പെട്ടു എന്ന തരത്തിലുള്ള സക്കറിയയുടെ അഭിപ്രായമല്ല ആദ്യ കഥ വായിച്ചതിനു ശേഷം ഉണ്ടായത് .ഈ കഥയില്‍ എഴുത്തുകാരിയുടെ വീക്ഷണം കടല്‍ ക്ഷോഭത്തില്‍പെട്ട  തോണി പോലെ  കൃത്യമായ നിലപാട് എടുക്കാന്‍  ബുദ്ധിമുട്ടുന്നു .അവതരണശൈലി നിലവാരം പുലര്‍ത്തിയില്ല ( കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍  കാളമൂത്രം പോലെ എന്ന് )
               പിന്നീടുള്ള കഥകള്‍ വായനക്കാരനെ കൂട്ടി കൊണ്ട് പോകുന്നത് വ്യത്യസ്തമായ അനുഭവത്തിലേക്ക് ആണ് .കേശവ പിള്ള മകനിലും സ്വവര്‍ഗ സങ്കടങ്ങളിലും നര്‍മത്തെ വളരെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു .വാണിഭം ലൈംഗികതയുടെ നട്ടെല്ല് സ്നേഹവും ആര്‍ദ്രതയും ആണെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്നു. 
  ആവേ മരിയ സമകാലിക കുരിശുമരണങ്ങളെ ഓര്‍മപ്പെടുത്തുന്നു, യേശു ഒറ്റക്കാണ് കുരിശു മരണം വരിച്ചതെങ്കില്‍ സമൂഹനന്മക്കു വേണ്ടി അഭിനവ യേശുമാരുടെ കുടുംബം കൂടി കുരിശേറ്റപ്പെട്ടു. സൌകര്യപൂര്‍വ്വം നമ്മള്‍ മറന്നു കളഞ്ഞ കാര്യങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്നതിനുമപ്പുറം ഈ കഥ മികച്ച ഒരു വായനാനുഭവം ആണെന്നതില്‍ സംശയമില്ല .കുരിശേട്ടപ്പെട്ടവന്റെ കാല്‍കീഴില്‍ മറിയയുടെ സ്നേഹം മാത്രമേ ഉണ്ടാകൂ എന്ന യഥാര്‍ത്ഥ്യം ഇതോര്‍മ്മിപ്പിക്കുന്നു.
    അവസാനത്തെ കഥ ആയ സോളോ ഗോയ്യ ഉല്‍കൃഷ്ടമായ അനുഭവ തലം തന്നെ നല്‍കുന്നു . ആല്‍ബ രാജ്ജ്നിയോടുള്ള ഗോയ്യയുടെ തീരാത്ത പ്രണയത്തിന്റെ ചിത്രമാകുന്ന ഈ കഥ വ്യത്യസ്തമായ ആഖ്യാന ശൈലിയുടെ സുഖവും അനുഭവഭേദ്യമാക്കുന്നു .ഈ രണ്ടു കഥകള്‍ മാത്രം മതി വായനക്കാരനെ സംതൃപ്തനാക്കാന്‍ എന്നു ഞാന്‍ കരുതുന്നു . 


Wednesday, 23 June 2010

ഫ്രാന്‍സ് ...ഒരു ദുരന്തനാടകം !!!

അയെര്‍ലാണ്ടിനെ പിന്നില്‍ നിന്ന് കുത്തി വേള്‍ഡ് കപ്പിന് വന്ന ഫ്രാന്‍സിനെ കുറിച്ച് വലുതായൊന്നും പ്രതീക്ഷിച്ചിരുന്നില്ല , അതുകൊണ്ട് തന്നെ ഉറക്കമൊഴിച്ചു ആദ്യത്തെ കളി കാണാതിരുന്നത് നന്നായെന്നു ഇപ്പോള്‍ തോന്നുന്നു . കഴിഞ്ഞ വേള്‍ഡ് കപ്പില്‍ സിദാന്‍ എന്ന ഒറ്റ കളികാരന്റെ മികവില്‍ ഫൈനലില്‍ എത്തിയ അവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തി കാരണം നാണം കെടുകയും ചെയ്തു . പക്ഷെ ഇത്തവണ ഇത്രക്കും ദയനീയമായ ഒരു പ്രകടനം നമ്മള്‍ പ്രതീക്ഷിച്ചില്ല .
ഈ തോല്‍വിക്ക് കാരണമായത്‌ പാളയത്തിലെ പട തന്നെയായിരുന്നു . ഈ നാടകത്തിലെ നായകന്‍ കോച്ച് ഡോമനെഷ് ആയിരുന്നു . ഓണ്‍റിക്ക് പകരം വന്ന ഗോവിനു പന്ത് കൊടുകാതെ കളിച്ച ഫ്രാന്‍സ് ടീം സ്വയം കുഴി തോണ്ടി . കോച്ചിന്റെ തള്ളയ്ക്കു വിളിച്ച അനെല്കയെ നാട്ടിലേയ്ക് കയറ്റി വിട്ടതില്‍ പ്രധിഷേധിച്ച് പരിശീലനം മുടക്കിയ ഈ ---രന്മാര്‍ അവസാനത്തെ കളിയും പരാജയപ്പെട്ടു പുറത്തായി . ഇതില്‍ ഗല്ലസിന്റെ പങ്കു എടുത്തു പറയേണ്ടിയിരിക്കുന്നു .ഓരോ തോല്‍വിയിലും ഈ താരം വഹിച്ച പങ്കു മഹാനീയമായിരുന്നു ( ഇദ്ദേഹത്തെ ക്യാപ്ടന്‍ ആക്കാതതിലുള്ള പ്രധിഷേധം !!).രിബേരി എന്ന ഒരു കളിക്കാരനോഴികെ ആരും തന്നെ കളിച്ചതുമില്ല .

കളിയില്‍ ജയവും തോല്‍വിയും സ്വാഭാവികം ,പക്ഷെ ഇത്തരത്തില്‍ തരാം താണ നാടകങ്ങള്‍ കളിക്കുന്ന രാജ്യദ്രോഹികളെ ആജീവനാന്തം വിലക്കേണ്ടത് തന്നെയാണ്

തുടക്കം

ഒരു നല്ല തുടക്കത്തിനു വേണ്ടി ഇത്ര നാള്‍ കാത്തിരുന്നു . സൈറ്റ് ഓപ്പണ്‍ ചെയ്തു വെറുതെ നോക്കിയിരുന്നു , ഒന്നും എഴുതാന്‍ കിട്ടിയില്ല . ഉച്ചക്ക് ബിരിയാണി തിന്നു പല്ലിട കുത്തി മലര്‍ന്നു കിടക്കുമ്പോള്‍ തലയില്‍ ബള്‍ബ്‌ കത്തി .. യുറേക്കാ യുറേക്കാ !!!